ആദിത്യ ഹൃദയം

268110-new-spacecraft-will-come-closer-to-the-sun-than-ever-before
അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ക്ലാസ്സിൽ എല്ലാ ദിവസവും പ്രപഞ്ചത്തെ ക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. കുഞ്ഞു മുഖങ്ങൾ അതിശയം കൊണ്ട് വിടരുന്നത് കാണുമ്പോൾ  കുറെയധികം സമയം കൂടെ അവരോടു ചിലവഴിക്കാൻ സാധിച്ചെങ്കിൽ എന്ന ആഗ്രഹത്തോടെയാണ് അവരെ തിരികെ പറഞ്ഞയക്കുക.  ഞങ്ങൾ സൂര്യനെ ക്കുറിച്ച് സംസാരിക്കാനിടയായി. 2017 ഇൽ നാസ പുതിയ ഒരു Solar Orbiter launch അയക്കുന്നുണ്ടല്ലോ – അന്ന് കിട്ടിയേക്കാവുന്ന സൂര്യന്റെ ചിത്രമാണിത്.
കർക്കിടകം ആയാൽ ഞങ്ങൾ അദ്ധ്യാത്മ രാമായണം കുട്ടികള്ക്ക് പരിചയപ്പെടുത്തും. അതിനു മുന്നോടിയായി  ഇന്ന് ആദിത്യ ഹൃദയം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.  എത്രയധികം പേരാണ് ദിവസവും ഈ ബ്ലോഗ്‌ സന്ദർശിക്കുന്നത് -എത്രയധികം പേരാണ് പ്രോത്സാഹനം നല്കി ഞങ്ങൾക്ക് മുന്നോട്ടു പോകാനുള്ള ശക്തി നല്കുന്നത് ! ഇന്ന് ഞാൻ കാണാത്ത എല്ലാവർക്കുമായി  ഇവിടെ കുറിക്കുന്നത് രാമായണത്തിലെ ആദിത്യ ഹൃദയം.  കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കാമോ? ചൊല്ലുന്ന വിധം ഉടനെ ഇവിടെ ഇടാൻ ശ്രമിക്കാം.
സസ്നേഹം
ലക്ഷ്മി.
സന്താപ നാശകരായ നമോ നമ :
അന്ധ കാരന്തകാരായ നമോ നമ:
ചിന്താമണേ , ചിദാനന്ദയതേ നമ:
നിഹാര നാശകരായ നമോ നമ:
മോഹ വിനാശകരായ നമോ നമ:
ശാന്തായ ,രൗദ്രായ, സൗമ്യായ, ഘോരായ
കാന്തിമതാം, കാന്തിരൂപായതേ നമോ നമ :
സ്ഥാവര ജംഗമാചര്യയതേ നമ :
ദേവായ വിശ്വൈക സാക്ഷിണെ തേ നമ :
സത്യ പ്രാധാനായ തത്ത്വായതേ  നമ :
സത്യ സ്വരൂപയായ നിത്യം നമോ നമ :
———————————————————-
ആദിത്യഹൃദയം
ഡി. വിനയചന്ദ്രന്‍
കലികാലത്ത് ഭക്തിയും നാമസങ്കീര്‍ത്തനവും ആണ് മോക്ഷസാധനം. എഴുത്തച്ഛന്‍ വാല്മീകിരാമായണത്തിനുപകരം അധ്യാത്മരാമായണത്തെ അനുവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ മഹാഭാരതത്തില്‍ വെള്ളാങ്ങല്ലൂര്‍ ശങ്കരനെപ്പോലെ (ഭാരതമാല) ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കിയതും അതുകൊണ്ടാണ്. അദ്ദേഹം നിശ്ചയിച്ച മാര്‍ഗലക്ഷ്യങ്ങള്‍ സമര്‍ഥിക്കുന്നവയാണ് സ്‌തോത്രങ്ങള്‍. അവ എഴുത്തച്ഛന്‍ കൃതികളുടെ ഗുരുത്വ കേന്ദ്രങ്ങള്‍ ആണ്; കാവ്യ ഔചിത്യം വിട്ട് സങ്കീര്‍ത്തനം ചെയ്യുകയല്ല അദ്ദേഹം.

ആദിത്യഹൃദയം, ജടായുസ്തുതി, പാര്‍ഥസാരഥി വര്‍ണനം, പ്രഹ്ലാദസ്തുതി തുടങ്ങിയ മഹത്തായ സ്‌തോത്രസന്ദര്‍ഭങ്ങള്‍ മാന്ത്രികശക്തി ഉള്ളവയാണ്. ഇവയില്‍ ആദിത്യഹൃദയം ഊര്‍ജ സംഭൃതികൊണ്ടും ഫലദാന സിദ്ധികൊണ്ടും മുന്നില്‍ നില്‍ക്കുന്നു.

ബ്രാഹ്മണര്‍ വിശ്വാമിത്രന്റെ ഗായത്രി ചൊല്ലുന്നതിനു സമാനമായി അബ്രാഹ്മണമായ കേരളര്‍ ജപിക്കുന്നതാണ് ‘സന്താപ നാശകരായ’ എന്നുതുടങ്ങുന്ന ആദിത്യസ്തുതി. ദീര്‍ഘമായ ഒരു സ്തുതിയുടെ നിര്‍വഹണമന്ത്രം ആണ് ഇത്.

രാമന് രാവണനുമേല്‍ വിജയം ഉണ്ടാകാന്‍ അഗസ്ത്യന്‍ ശ്രീരാമന് നല്‍കുന്ന ഉപദേശം ആണ് ആദിത്യഹൃദയം. അത് ആദ്യവസാനം ഉരുവിടുന്നതാണ് നല്ലത്. ”അഭ്യുദയം നിനക്കാശുവരുത്താന്‍” എന്നുതുടങ്ങി ”ശത്രുക്ഷയം വരുത്തീടുക സത്വരം” എന്നതുവരെ.

ഈരടി സ്വരൂപത്തില്‍ ആണ് കിളിപ്പാട്ട്. ഛന്ദസ്സ് അനുസരിച്ച് നോക്കുകയാണെങ്കില്‍ ”സന്താപനാശകരായ” എന്നത് ഈരടിയുടെ രണ്ടാമത്തെ പാദം ആണ്. ഛന്ദോദേവതയുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ ആദ്യത്തെ വരിചേര്‍ത്ത്

”സന്തതം ഭക്ത്യാ നമസ്‌കരിച്ചീടുക
സന്താപ നാശകരായ നമോനമഃ”
എന്ന് ജപിക്കുന്നതായിരിക്കും ഉചിതം.

ആദിത്യന്റെ നൂറ്റിയെട്ട് പര്യായങ്ങളും ഉള്‍ക്കൊണ്ട വിശിഷ്ടസ്തുതിയാണ്. അതിന്റെ നിര്‍വഹണ ഭാഗത്തിനുള്ള പ്രാധാന്യം പ്രാരംഭത്തിനും ഉണ്ട്. ആദിത്യ ഹൃദയമന്ത്രത്തിന്റെ ഫലസിദ്ധി പ്രപഞ്ചനം ചെയ്തിട്ട് അഗസ്ത്യന്‍ സമസ്തവും സൂര്യന്‍ ആണെന്ന് പറയുന്നു. ആ ഭാഗം അത്യപൂര്‍വമായ ഒരു ഉഡ്ഢയനം ആണ്. ഇരുപത്തിയെട്ടുതരം പറക്കലുകളെപ്പറ്റി മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഇരുപത്തിയെട്ടാമത്തെ തലത്തിലേക്ക് മന്ത്രോച്ഛാരണം ഉയര്‍ന്നുപോകുന്നു. ചിറകൊതുക്കിയിരിക്കുന്ന പരുന്ത് പറന്നുപറന്ന് ആകാശത്തിന്റെ ഔന്നത്യവിഹാരം ആകുന്നതുപോലെ

”നിത്യമാദിസഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാജപിക്കടോ” എന്ന വരി കഴിഞ്ഞാണ് ഈ അത്ഭുതകരമായ പറക്കല്‍.
”ദേവാസുരോരഗചാരണകിന്നര
താപസ ഗുഹ്യകയക്ഷേരക്ഷോഭൂത
കിം പുരാഷാപ്‌സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലുലോകങ്ങളും
രക്ഷിപ്പതും നിജരശ്മികള്‍കൊണ്ടവന്‍
ഭക്ഷിപ്പതുമവന്‍ കല്പകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖന്‍താനും പ്രജാപതിവൃന്ദവും
ശുക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാപിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസര്‍ത്തുസംവത്സരകല്പാദി
കാരകനായതും സൂര്യനിവന്‍ തന്നെ.”

അത്യുന്നത വിഹാരത്തിലാണ് ഇതിനെ തുടര്‍ന്ന സൂര്യപര്യായ മഞ്ജരി വരുന്നത്.

ഈ മന്ത്രം ഉഷ്ണപ്രദാനം നല്‍കുന്നു. ഇത് പകല്‍ മാത്രമേ ജപിക്കാവൂ എന്നു പാരമ്പര്യം ഉണ്ട്. ആദിത്യഹൃദയമന്ത്രം ആവര്‍ത്തിച്ചുപാസിച്ചാല്‍ ആത്മബലവും അഭയവും ഉണ്ടാകും. മാര്‍ഗവിഘ്‌നങ്ങള്‍ ഒഴിയും. കാകളിവൃത്തത്തിന്റെ സാധാരണ ചൊല്‍വഴക്കങ്ങള്‍ക്കപ്പുറം നാനാരീതിയില്‍ ”സന്താപനാശകരായ” ആലപിക്കാം. ധ്യാനസ്ഥരായി ജപിക്കുന്നവര്‍ക്ക് കാവ്യപ്രക്രിയയുടെ ഗൂഢവഴികള്‍ പകര്‍ന്നുകിട്ടും.

രാവിലെ ആദിത്യഹൃദയവും വൈകുന്നേരം പ്രഹ്ലാദന്റെ നരസിംഹസ്തുതിയും പീഡകള്‍ വരുമ്പോള്‍ നാല്പത്തിയൊന്നുദിവസം ഗജേന്ദ്രമോക്ഷവും പണ്ടുകാലങ്ങളില്‍ വീടുകളില്‍ വായിച്ചിരുന്നു.

വിശ്വാസവും നിരഹങ്കാരമായ ഉപാസനയുമാണ് ഭക്തിമാര്‍ഗം. അവയ്ക്ക് നിമിത്തങ്ങള്‍ ആണ് സ്‌തോത്രങ്ങള്‍. ശാസ്ത്രഗര്‍ത്തങ്ങള്‍ തോറും ചാടിവീണു മോഹിക്കാതെ വിശ്വാസത്തിന്റെ വഴിയെ പുരോഗമിക്കാനാണ് എഴുത്തച്ഛന്‍ പ്രബോധനം ചെയ്യുന്നത്.
ഇത്തരം കാര്യങ്ങളില്‍ അവരവരുടേതായ അനുഭവജ്ഞാനത്തിന് പ്രാധാന്യം ഉണ്ട്. ആദിത്യഹൃദയം ഫലസിദ്ധിയുള്ള ഒരു സ്തുതിയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

സൗരയൂഥത്തില്‍ യൂഥനാഥനായ സൂര്യന്‍ ആണ് എല്ലാം. സൂരോന്മുഖമായ ഈ സ്‌തോത്രം അച്ഛനമ്മമാര്‍ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം ചേതനയെ പ്രപഞ്ചഗഹനതയുടെ പ്രതിസ്പന്ദമാക്കാന്‍ അതുസഹായിക്കും.

Advertisements
By Lekshmy Rajeev

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s