ജീത് തയ്യില്‍ കഥയുടെ വേറിട്ട വഴികളില്‍…

Posted on: 03 Feb 2013

 

ലക്ഷ്മി രാജീവ്‌

അന്‍പതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള ഈ വര്‍ഷത്തെ ‘ഡി.എസ്.സി. പുരസ്‌കാരം’
ഒരു മലയാളിക്കാണ്. ‘നാര്‍കൊപൊളിസ്’ എന്ന ഇംഗ്ലീഷ് നോവലിന്റെ കര്‍ത്താവ് ജീത് തയ്യിലിന്….
അന്‍പതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള, ഇക്കൊല്ലത്തെ ‘ഡി.എസ്.സി. പുരസ്‌കാരം’ ജീത്ത് തയ്യിലിന്റെ നോവല്‍ ‘നാര്‍കൊപൊളിസ്’ നേടിയെന്നറിഞ്ഞ നിമിഷങ്ങളില്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു. ഇതെന്റെ മാത്രം അനുഭവമായിരുന്നുവോ? ആകാനിടയില്ല. ജീത് അപ്പോള്‍ എവിടെയായിരിക്കും? നിരവധി തവണ വിളിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. പക്ഷേ, രണ്ടു ദിവസത്തിനുള്ളില്‍ ജീത് തിരികെ വിളിക്കുകതന്നെ ചെയ്തു. മലയാളിയായ, മലയാളം കേട്ടാല്‍ മാത്രം മനസ്സിലാകുന്ന, അമ്മയോട് മാത്രം മലയാളത്തില്‍ എന്തെങ്കിലും പറയാന്‍ അറിയാവുന്ന, കേരളത്തെ സ്‌നേഹിക്കുന്ന, പദ്മഭൂഷണ്‍ ടി.ജെ.എസ്. ജോര്‍ജിന്റെ മകനായ ജീത് തയ്യില്‍. . .

പത്തുവര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്. ‘ഇംഗ്ലീഷ്’ എന്ന് പേരുള്ള, ആദ്യ കവിതാസമാഹാരത്തെക്കുറിച്ച് എഴുതുമ്പോള്‍… പിന്നെ അഭിമുഖം തയ്യാറാക്കുമ്പോള്‍… പ്രശസ്ത ഇംഗ്ലീഷ് കവിയായ കേകി ദാരുവാല ജീതിനു നല്‍കിയ വിശേഷണം ‘ഇംഗ്ലീഷില്‍ കവിതകള്‍ എഴുതുന്ന മറ്റുള്ളവര്‍ക്ക് അപകര്‍ഷതാ ബോധം ഉണ്ടാക്കുന്ന പ്രതിഭാശാലി’ എന്നായിരുന്നു. ഈ കാലയളവില്‍ ആണ് റിപ്പോര്‍ട്ടര്‍, മികച്ച ആംഗലേയ കവി, കവിതകള്‍ സംഗീതസാന്ദ്രമായി അവതരിപ്പിക്കുന്ന കവി, ബുക്കര്‍പ്രൈസിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന നോവലിസ്റ്റ് എന്നീ നിലകളില്‍ ജീത് ആഗോള പ്രശസ്തി നേടുന്നത്. ഇടയ്ക്കിടെ എന്റെ ഇന്റര്‍നെറ്റ് ചാറ്റ് വിന്‍ഡോയില്‍ തെളിയുന്ന ഈ പേരിലേക്ക് ഞാന്‍ അത്ഭുതത്തോടെ, ആദരവോടെ, ചിലപ്പോള്‍ സങ്കടത്തോടെ നോക്കാറുണ്ടായിരുന്നു. സംശയങ്ങള്‍ വന്നപ്പോള്‍, ആവശ്യങ്ങള്‍ വന്നപ്പോള്‍, അദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ ശ്രമത്തിന്റെ ഫലമായ ‘നാര്‍കൊപൊളിസ്’ എന്ന ഈ കൃതി പ്രശസ്തിയിലേക്ക് ഉയരുമ്പോള്‍ ഒക്കെ അദ്ദേഹത്തിന്റെ മറുപടി വന്നു; കൃത്യമായി, സൗമ്യമായി. മലയാളത്തിലേക്ക് ഉടനെ വിവര്‍ത്തനവും ചെയ്യപ്പെടുന്നുണ്ട് ‘നാര്‍കൊപൊളിസ്’.
ജീതിനോട് എന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു, ‘നാര്‍കോപോലിസ്’ തരുന്ന അതിപ്രശസ്തി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? ‘യെസ്, യെസ്’- ആഹ്ലാദത്തോടെയുള്ള മറുപടി. അധികമൊന്നും ചോദിക്കാനുണ്ടായില്ല മിതഭാഷിയായ ജീതിനോട്. ‘എനിക്ക് പറയാനുള്ളതെല്ലാം ആ നോവലില്‍ ഉണ്ട്’ എന്നായിരുന്നു മറുപടി. ഇന്ത്യന്‍ നോവല്‍ പ്രസ്ഥാനത്തിന്റെ സുപ്രഖ്യാപിതമായ സാഹിത്യാചാരങ്ങളെ പാടെ വെല്ലുവിളിച്ചും അട്ടിമറിച്ചും കൊണ്ട് എഴുതപ്പെട്ട ഒരു നോവലാണ് ‘നാര്‍കൊപൊളിസ്’. പ്രകാശപൂര്‍ണമായ ഈ ആദ്യ നോവല്‍ ലഹരി, ലൈംഗികത, മരണം, അധര്‍മം, ആസക്തി, സ്‌നേഹം, ദൈവം എന്നിങ്ങനെ പലതിനെയും പറ്റിയുള്ള പുസ്തകമാണ്. മാത്രമല്ല, ഈ നോവലിന്റെ ഇതിവൃത്തത്തിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സുപരിചിതരായ സാഹിത്യ നായകരുടെ കൃതികളെക്കാളും സാമ്യം ബോട്‌ലയര്‍, വില്ലിം എസ്. ബാരോസ് എന്നിവരുടെ സൃഷ്ടികളോടാണ്. എല്ലാറ്റിനുമുപരി ഈ പുസ്തകം ആത്മാവ് വില്പനച്ചരക്കാക്കാന്‍ വെമ്പിനില്‍ക്കുന്ന ഒരു രാഷ്ട്രത്തിലെ ശപിക്കപ്പെട്ട, എന്നാല്‍ സുന്ദരമായ ഒരു തലമുറയുടെ മനോഹരമായ ചിത്രവും കൂടിയാണ്. തയ്യിലിന്റെ ഹൃദയസ്​പര്‍ശിയും കാവ്യാത്മകവുമായ ഗദ്യത്തില്‍ എഴുതപ്പെട്ട ‘നാര്‍കൊപൊളിസ്’ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മഹാനഗരത്തിന്റെ പരിണാമം വരച്ചുകാണിക്കുന്നു. ആഗോളവത്കരണത്തിന്റെയും ആധുനിക ലോകത്തിന്റെയും സങ്കീര്‍ണതകള്‍ അങ്ങേയറ്റം വാക്ചാതുരിയോടെയും ഭാവഗാന തീവ്രതയോടെയും പറഞ്ഞുപോകുന്ന നോവലാണിതെന്നാണ് ജഡ്ജിങ് കമ്മിറ്റി അദ്ധ്യക്ഷനായ സച്ചിദാനന്ദന്‍ പറയുന്നത്. ‘കല്പനയും യാഥാര്‍ഥ്യവും കോര്‍ത്തിണക്കി, മുംബൈ നഗരത്തിന്റെ അധികമൊന്നും അറിയപ്പെടാത്ത ഒരു വശത്തെക്കുറിച്ചാണ് അതിശക്തമായ കഥാതന്തുവിലൂടെ ‘നാര്‍കൊപൊളിസ്’ പ്രതിപാദിക്കുന്നത്. വിക്രമാദിത്യന്‍ കഥ പറയുന്നതു പോലെ ഒന്ന് മറ്റൊന്നിലേക്ക് ലയിച്ചുചേരുന്ന, ഒരിക്കലും തീരാത്ത ഈ കഥകള്‍ നമ്മുടെയൊന്നും ദൃഷ്ടിയിലെത്താത്ത ഭാഗ്യഹീനരായ ചില മനുഷ്യരുടേതാണ്.’

ജീതിന്റെ വാക്യത്തില്‍ പറഞ്ഞാല്‍ ഈ കഥ എങ്ങോ പോയി മറഞ്ഞ ഒരു ലോകം സര്‍ഗാത്മകമായി പുനഃസൃഷ്ടിക്കലും അവിടെ നിന്നു പൊയ്‌പ്പോയ ചില സുഹൃത്തുക്കള്‍ക്കായി ഒരു സ്മാരകം ഒരുക്കലും കൂടിയാണ്. ഇത് പകുതി അര്‍ഥത്തില്‍ ആത്മകഥാപരമായ ഒരു പുസ്തകം തന്നെയാണ്. താന്‍ അങ്ങനെ ഒരു ലോകത്തില്‍ മുഴുകിക്കഴിഞ്ഞ ഒരു നീണ്ട കാലഘട്ടമുണ്ടായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി രണ്ടു പതിറ്റാണ്ട് കഴിഞ്ഞ തനിക്ക് അതിനു മറുമരുന്നു കണ്ടെത്താന്‍ കഴിഞ്ഞത് എഴുത്തിലാണ്. ഈ പുസ്തകം ഒരു തന്മയീഭാവ സൃഷ്ടിയാണ് എന്നുതന്നെ പറയാം. ഒന്നിന്റെയും പരിണതഫലം എന്താവും എന്ന് ആലോചിക്കാതെയാണ് താന്‍ അങ്ങനെ ഓരോ ശീലങ്ങളില്‍ ചെന്നുപെട്ടത്. ആദ്യമൊക്കെ ഈ ശീലങ്ങള്‍ ഏറ്റവും സന്തോഷം തരുന്ന കാര്യമായിരുന്നു. ഒരുപാടു നാള്‍ ശ്രമിച്ച ശേഷമാണ് ഒടുവില്‍ അതില്‍ നിന്നൊക്കെ ഒരു ദിവസം രക്ഷപ്പെട്ടത്. നഷ്ടപ്പെട്ട ആ ഇരുപതു വര്‍ഷമാണ് ‘നാര്‍കൊപൊളിസ്’ തനിക്ക് തിരികെ തന്നിരിക്കുന്നത്. ഒരര്‍ഥത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ആളുകളോട് നമ്മള്‍ സ്വീകരിക്കുന്ന സമീപനത്തെ ചോദ്യംചെയ്യുന്നു, അവരുടെ പ്രശ്‌നങ്ങളെ അല്പം കൂടെ വിശാലതയോടെ നമ്മള്‍ കാണണം എന്ന് ശുപാര്‍ശ ചെയ്യുന്നു.
എഴുപതുകളിലും എണ്‍പതുകളിലും മുംബൈയില്‍ ജീവിച്ചിരുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട, ദരിദ്രരായ, ഭ്രാന്തിന്റെ വക്കത്തു ജീവിച്ച കുറെ മനുഷ്യരെ മയക്കുമരുന്നിനോടുള്ള ആസക്തി എങ്ങനെ നശിപ്പിച്ചു എന്ന കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. സുന്ദരനും ഷണ്ഡനുമായ ഒരു പുരുഷ വേശ്യയുടെയും വൃദ്ധനായ ഒരു ചീനക്കാരന്റെയും അക്രമാസക്തനായ ഒരു കച്ചവടക്കാരന്റെയും ഒരു ഉത്തരാധുനിക ചിത്രകാരന്റെയും പിന്നെ കറുപ്പ് കഴിക്കുന്ന ഒരു സങ്കേതത്തില്‍ നിത്യ സന്ദര്‍ശകരായ ചില മനുഷ്യരുടെയും കഥകളിലൂടെ മുംബൈ നഗരത്തിന്റെ രഹസ്യ ചരിത്രം പറയുകയാണ് ‘നാര്‍കൊപൊളിസ്’. അസ്തിത്വപരവും സാമൂഹികവുമായ എന്നാല്‍ അത്ര എളുപ്പം ഉത്തരം പറയാന്‍ ആകാത്ത കുറെ ചോദ്യങ്ങള്‍ ഈ നോവല്‍ ഉയര്‍ത്തുന്നുണ്ട്. വികാരപരമായ ഒരു സമീപനം ഇതില്‍ ഇല്ലതാനും. പത്രപ്രവര്‍ത്തകന്‍, കവി, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ ജീത് തയ്യിലിനുള്ള ശ്രദ്ധേയമായ വ്യക്തിത്വം വ്യക്തമാക്കിക്കൊണ്ട് താളവും ഭാവവും കൃത്യതയും ഉള്ള ഒരു കഥനത്തിലൂടെ അദ്ദേഹം തനിക്ക് പറയാനുള്ളത് പറഞ്ഞുപോകുന്നു.

ഒരുപാട് കാലമായി കവിതയെഴുതുന്നുണ്ടെങ്കിലും ആത്യന്തികമായി താന്‍ ഒരു കവി അല്ലെന്നാണ് ജീത് പറയുന്നത്. പലതരം എഴുത്തുകളെ അദ്ദേഹം വേര്‍തിരിച്ചു കാണുന്നില്ല. വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത സ്വാധീനങ്ങള്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ നോവലിന്റെ പ്രധാന സ്വാധീനം റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കിയുടെ കാരമസോവ് സഹോദരങ്ങള്‍ എന്ന കൃതിയാണ്. ഒരര്‍ഥത്തില്‍ ഇതൊരു റഷ്യന്‍ നോവലാണ്. മറ്റൊരു അര്‍ഥത്തില്‍ ഇതൊരു അമേരിക്കന്‍ നോവലും. എന്നാല്‍ ഇത് എഴുതാന്‍ ഒരു ഇന്ത്യക്കാരന് മാത്രമേ കഴിയൂ. നിരീക്ഷിച്ചും പങ്കു ചേര്‍ന്നും ഇന്ത്യന്‍ സമൂഹത്തിന്റെ ഉള്ളറകള്‍ അടുത്തറിയുന്നഒരു ഇന്ത്യക്കാരന് മാത്രമേ ഇങ്ങനെ ഒന്ന് എഴുതാന്‍ സാധിക്കൂ. ജീത് പറയുന്നത്, ഈ നോവലിന്റെ ഒരു ഭാവത്തെക്കുറിച്ചുകൂടിയാണ്. അതിപരിചയത്തിന്റെ അതിര്‍വരമ്പുകളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പരിഹാസം, ആ ഭാവം ഇന്ത്യക്കാരനുമാത്രം തന്റെ സ്വന്തം സംസ്‌കാരത്തെക്കുറിച്ച് തോന്നുന്ന ഒന്നാണ്.
പുറത്തിറങ്ങിയ ആദ്യനാളുകളില്‍ ഈ നോവല്‍ ഇന്ത്യയില്‍ വളരെയേറെ വിമര്‍ശനം നേരിട്ടിരുന്നു. ജീത് പ്രതീക്ഷിച്ചതിലും രൂക്ഷമായിരുന്നു കൂരമ്പുകള്‍. അതിനു കാരണമായി ജീത് ചൂണ്ടിക്കാട്ടുന്നത് പുത്തന്‍ പണത്തിന്റെയും യുദ്ധപ്രിയതയില്‍ അടിയുറച്ച പുതിയ രാഷ്ട്രസ്‌നേഹത്തിന്റെയും സ്വാധീനമുള്ള ഒരു പുതിയ മധ്യവര്‍ഗത്തെയാണ്. അവര്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ തീരെ സ്വീകാര്യമല്ല. ധനികന്‍ കൂടുതല്‍ ധനികനായി, മധ്യവര്‍ഗം വികസിച്ച് പുതിയ മണ്ഡലങ്ങളില്‍ എത്തി. എന്നാല്‍ ദരിദ്രന്‍ എന്നും അവിടെത്തന്നെ നില്‍ക്കുന്നു. ഇക്കാര്യം ചിന്തിക്കാന്‍ പോലും മധ്യവര്‍ഗത്തിന് ഇഷ്ടമല്ല. മറ്റു രാജ്യത്തിലുള്ളവര്‍ വായിക്കാവുന്ന ഒരു പുസ്തകത്തില്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും എഴുതിവെക്കുന്നത് അവര്‍ക്ക് തീരെ ഇഷ്ടമല്ല. ഇന്ത്യന്‍ നിരൂപകര്‍ ഒരു പുസ്തകം മുഴുവന്‍ വായിക്കാതെ അത് നിരൂപണം ചെയ്യുകയും തീരെ വിവേചനരഹിതമായ, അല്പജ്ഞാനജടിലമായ അഭിപ്രായങ്ങള്‍ എഴുതിക്കൂട്ടുകയും ചെയ്യുന്നു എന്ന് ജീതിന് അഭിപ്രായമുണ്ട്. ഇത് പലപ്പോഴും എഴുത്തുകാരന്‍ അര്‍ഹിക്കുന്നുപോലും ഉണ്ടാവില്ല. ഈ പുസ്തകം പക്ഷേ, ഇന്ത്യക്ക് പുറത്ത് പരക്കെ വായിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജീതിന്റെ അഭിപ്രായത്തില്‍ ഈ പുസ്തകം ഭാരതീയ നോവല്‍ ശൈലിയിലുള്ള ഒന്നല്ല. ഇന്ന് ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ മധ്യവര്‍ഗ പുസ്തകങ്ങള്‍ പ്രമേയമാക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് വളരെ ദൂരെയാണ് ഈ നോവലിന്റെ ഇതിവൃത്തം. അതുകൊണ്ട് തന്നെയാണ് ഈ നോവല്‍ ഇത്രയും വിമര്‍ശിക്കപ്പെട്ടതും.

നോവലിന്റെ ആദ്യ വരി തന്നെ പരക്കെ ശ്രദ്ധിക്കപ്പെട്ടത് ഒരുപാട് പേജുകള്‍ ചെന്ന് നില്‍ക്കുന്ന ഒരു ബോധധാരാസങ്കേതം എന്ന നിലയിലാണ്. ഇത് വായിച്ച് കുറെ വായനക്കാര്‍ സ്ഥലംവിടുമെന്നും നല്ല ബോധത്തോടെത്തന്നെയാണ് താന്‍ ഇത് എഴുതിയത് എന്നും ജീത് പറയുന്നു. ആ അപകട സാധ്യത താന്‍ ബോധപൂര്‍വം പരിഗണിച്ച് സ്വീകരിച്ചതാണെന്നും ജീത് സമ്മതിക്കുന്നു. അന്തരീക്ഷം, ശൈലി, ഭാഷ എന്നിവയെക്കാളുമൊക്കെ ആഖ്യാനം ശ്രദ്ധിക്കുന്ന വായനക്കാരനാണെങ്കില്‍, ഇവിടെ ആമുഖം വായിക്കേണ്ട എന്നുതന്നെ വെച്ചാലും ആഖ്യാനത്തില്‍ വലിയ നഷ്ടമൊന്നും സംഭവിക്കുകയില്ല. ഈ പുസ്തകം തുടങ്ങിയത് നോവല്‍ രൂപത്തിലല്ല, പിന്നീട് അങ്ങനെ രൂപാന്തരം പ്രാപിക്കുകയായിരുന്നു. ജീതിന്റെ സാഹിത്യപ്രതിനിധിയായി പ്രവര്‍ത്തിച്ച ഡേവിഡ് ഗോദ്വിന്‍ ഈ കൃതിയെ പരിപോഷിപ്പിക്കുന്നതില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടു മിക്ക പ്രസാധകരും ഈ പുസ്തകം നിരസിച്ചു. എന്നാല്‍ ഫെബാര്‍ പബ്ലിഷിങ്ങിലെ ലീ ബ്രാക്ക്‌സ്‌ടോന്‍ ഈ പുസ്തകം പൂര്‍ണ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. ഈ പ്രസാധകനും ഈ പ്രതിനിധിയുമാണ് എന്റെ പുസ്തകത്തിന്റെ ഭാഗ്യങ്ങള്‍… ജീത് പറഞ്ഞു നിര്‍ത്തുന്നു. ‘നാര്‍കൊപൊളിസ്’ നോവലിലെ കഥാപാത്രമായ ന്യൂട്ടണ്‍ സേവിയറിനെക്കുറിച്ചാണ് ജീതിന്റെ അടുത്ത നോവല്‍. അതിനായി കാത്തിരിക്കാം…

Advertisements
By Lekshmy Rajeev

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s