When should I worry about my child’s reading?

കുട്ടികള്‍ അക്ഷരങ്ങളെ സ്‌നേഹിക്കട്ടെ

Posted on: 20 Nov 2012
ലക്ഷ്മി രാജീവ്‌

വര്‍ത്തമാനലോകം തിരക്കിന്റെയും ഉത്കണ്ഠകളുടേതുമാണ്. മുതിര്‍ന്നവരുടെ തിരക്കുകള്‍ക്കും ഉത്കണ്ഠകള്‍ക്കുമിടയില്‍ നമ്മള്‍ മറന്നുപോകുന്നത് കുട്ടികളുടെ മനസ്സിനെക്കുറിച്ചാണ്. നമുക്ക് കുട്ടികളുടെ കാര്യത്തില്‍ അവരുടെ വിദ്യാഭ്യാസകാര്യത്തിലായാലും ആരോഗ്യകാര്യത്തിലായാലും ശ്രദ്ധയില്ലെന്നുപറയാന്‍ കഴിയില്ല. പക്ഷേ, കുട്ടികളുടെ കാര്യങ്ങള്‍ സൗകര്യപൂര്‍വം ചെയ്തുതീര്‍ക്കുന്നതിലാണ് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശ്രദ്ധ എന്നുമാത്രം. സൗകര്യത്തിനനുസരിച്ച് ആഹാരം, സൗകര്യത്തിനനുസരിച്ച് യാത്ര. സൗകര്യത്തിനനുസരിച്ച് പഠനം എന്ന നിലയിലായിരിക്കുന്നു.വളരെ ചെറുപ്പത്തില്‍ത്തന്നെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവര്‍ക്ക് ഏതേതുരംഗത്താണ് പ്രത്യേക അഭിരുചിയുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും. പക്ഷേ, ഇന്നെത്ര രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമറിയാം കുട്ടികളുടെ അഭിരുചി ഏത് രംഗത്താണെന്ന്. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വിരിയുന്നത് കാണണമെങ്കില്‍ അവരുടെ മനസ്സിനെ സ്​പര്‍ശിക്കുന്ന വിദ്യാഭ്യാസം അവര്‍ക്ക് നല്‍കണം.എളുപ്പത്തില്‍ മത്സരപ്പരീക്ഷകളില്‍ ജയിക്കാനും എല്ലാ മത്സരങ്ങളിലും ഒന്നാമനാവാനും വേണ്ട രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആഗ്രഹസാഫല്യത്തിന്റെ ഉപാധിയായിട്ടാണ് നാം കുട്ടികളെ കാണുന്നത്. കൃത്രിമമായി മനഃപാഠമാക്കുന്ന രീതി, ആവശ്യമില്ലാത്ത വിവരങ്ങള്‍ അടിച്ചേല്പിക്കുക, എന്നിവയെല്ലാം കുട്ടികളുടെ യഥാര്‍ഥ കഴിവുകളെ മുരടിപ്പിക്കുന്നു. ഇതൊന്നും കൂടാതെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും ടി.വി. യുമെല്ലാം മുതിര്‍ന്നവര്‍ തങ്ങളുടെ സൗകര്യത്തിനുവേണ്ടി കുട്ടികള്‍ക്കായി തുറന്നുകൊടുക്കുന്നു. മുതിര്‍ന്നവര്‍ക്ക് സീരിയല്‍ കാണാനും ഷോപ്പിങ് നടത്താനും മറ്റും വേണ്ടി കുട്ടികളെ നിശ്ശബ്ദരാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഭാവിയെ എന്തുമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് ചിന്തിക്കുന്നില്ല മറിച്ച്, വിവേചനമില്ലാതെ മുതിര്‍ന്നവരായ നമ്മുടെ സൗകര്യത്തിനുവേണ്ടി അത് ചെയ്യരുതെന്നാണ് പറയുന്നത്. ഇവിടെ അവഗണിക്കപ്പെടുന്നത് കുഞ്ഞുമനസ്സുകളുടെ വായനശീലമാണ്. നിര്‍ബന്ധവും അടിച്ചേല്പിക്കലുമില്ലാതെ വായനയുടെ അത്ഭുത സുന്ദരമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കാന്‍ നമുക്കുകഴിയണം. കാരണം വായനയ്ക്കുപകരം മറ്റൊന്നില്ല. അത് കുട്ടികളുടെ ഭാവനയ്ക്ക് ചിറകുവിടര്‍ത്തുന്നു. അവര്‍ കാണാത്തലോകം അവര്‍ക്കുമുന്നില്‍ തെളിയിക്കുന്നു.അക്ഷരങ്ങളിലൂടെ, ഭാഷയിലൂടെ ഇങ്ങനെ തെളിഞ്ഞുവരുന്ന ലോകമാണ് കുട്ടികളുടെ സര്‍ഗാത്മകഭാവനയെ വളര്‍ത്തുന്നത്. നാളെ നമ്മുടെ കുട്ടികള്‍ ആരാവണം എന്താവണം എന്നുതീരുമാനിക്കുന്നത് ഈ വായനയാണ്. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റം നമ്മുടെ കുട്ടികളുടെ ഭാഷാപഠനത്തെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് നാം ശ്രദ്ധിക്കുന്നില്ല. മാതൃഭാഷയോട് സ്‌നേഹമുണ്ടാവണമെങ്കില്‍ മാതൃഭാഷയിലൂടെയുള്ള കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മാതൃഭാഷയോടും ജന്മനാടിന്റെ സംസ്‌കാരത്തോടും ചരിത്രത്തോടും അടുപ്പമുണ്ടാവുമ്പോള്‍ മാത്രമേ അന്യഭാഷപഠിക്കാനും ആ പഠിച്ചഭാഷ സര്‍ഗാത്മകമായി ഉപയോഗിക്കാനും നമ്മുടെ കുട്ടികള്‍ക്കുകഴിയുകയുള്ളൂ. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നമുക്ക് ഏറെ സംവിധാനങ്ങളുണ്ട്. എന്നാല്‍, അവരുടെ വായനയെ പ്രേത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള സംവിധാനങ്ങള്‍ ഇല്ല. കഥകള്‍, കവിതകള്‍, ഗാനങ്ങള്‍, യാത്രാവിവരണങ്ങള്‍, നോവലുകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍ തുടങ്ങി കുട്ടികള്‍ക്കുവേണ്ട പുസ്തകങ്ങള്‍ നിരവധിയാണ്. എന്നാല്‍, കുട്ടികള്‍ക്കുവേണ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ജാഗ്രതയോടെ ചെയ്യേണ്ടതാണ്. ഇന്ന് ബാലസാഹിത്യം എന്നപേരില്‍ പടച്ചുവിടുന്ന മിക്ക പുസ്തകങ്ങളും കുട്ടികള്‍ക്കുവായിക്കാന്‍ പറ്റുന്നതല്ല. ഇളം മനസ്സിന്റെ നൈസര്‍ഗികഭാവനയെയും അഭിരുചികളെയും വളര്‍ത്തുന്ന ഭാഷയും ആഖ്യാനവും മിക്ക ബാലസാഹിത്യകൃതികള്‍ക്കുമില്ല. കൃത്രിമമായ വിവരണങ്ങളും മടുപ്പിക്കുന്ന അവതരണരീതിയും ദുരൂഹമായ ഭാഷയും പദപ്രയോഗങ്ങളും കുട്ടികളുടെസാഹിത്യത്തെ വികലമാക്കുന്നു.കുട്ടികളെ അവരുടെ മനസ്സിന്റെ നൈസര്‍ഗിക ഭാവനകള്‍ വികസിപ്പിക്കാന്‍വേണ്ടി സ്വതന്ത്രരാക്കുകയാണ് നാം മുതിര്‍ന്നവര്‍ ചെയ്യേണ്ടത്. വിശ്വപ്രസിദ്ധ എഴുത്തുകാരിയായ അരുന്ധതിറോയ് തന്റെ പതിനൊന്നാമത്തെ വയസ്സിലാണ് സ്‌കൂള്‍വിദ്യാഭ്യാസം തുടങ്ങിയത്. അതുവരെ അരുന്ധതി മീനച്ചിലാറിന്റെ തീരത്തും പറമ്പിലും വയലിലും തൊടിയിലും കളിച്ചുവളര്‍ന്നു. ചെടികളും വൃക്ഷങ്ങളും പൂക്കളും പുഴകളും കണ്ടുവളരാന്‍, സൂര്യോദയക്കാഴ്ചകണ്ട് ആനന്ദിക്കാന്‍ ആറ്റിലും തോട്ടിലും നീന്തിത്തുടിക്കാനും കഴിയാത്തവരാണ് ഇന്നത്തെ കുട്ടികള്‍. നഗരജീവിതത്തിന്റെ യാന്ത്രികത അവരെ അതിനനുവദിക്കുന്നില്ല.വായന എന്നത് ഒരു അധ്വാനം എന്ന നിലയ്ക്കല്ല കാണേണ്ടത്. അങ്ങനെ കാണുകയാണെങ്കില്‍ പഠനം വിഷമകരമാകും. വായനയെ ഒരു കലയായും ക്രിയാത്മകമായ വിനോദമായും മാറ്റാന്‍ കഴിയണം. വായന എന്നത് മറ്റെല്ലാ വിനോദത്തേക്കാളും ഉയര്‍ന്ന വിനോദവും ഏറ്റവും ഉന്മേഷകരവുമായ പ്രവൃത്തിയുമാണ്. പല വിദ്യാര്‍ഥികള്‍ക്കും വായന എന്നത് ഒരു സര്‍ഗാത്മക പ്രവൃത്തിയാക്കാന്‍ കഴിയുന്നില്ല. ഇതിന് പല കാരണങ്ങളുണ്ട്. വായനയില്‍നിന്ന് ലഭിക്കുന്ന ആനന്ദവും ഉല്ലാസവും അറിയാത്തവരാണിവര്‍. കുറേകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏതൊരാള്‍ക്കും വായന സര്‍ഗാത്മകമായ പ്രവൃത്തിയാക്കിമാറ്റാന്‍ കഴിയും.വായന സര്‍ഗാത്മകമാക്കണമെങ്കില്‍ ചില മുഖ്യകാര്യങ്ങള്‍ നാം പിന്‍തുടര്‍ന്നേ പറ്റൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വാക്കുകളെ സ്‌നേഹിക്കുക എന്നതാണ്. ഒരു പുസ്തകം വായിക്കുമ്പോള്‍ നാം പ്രാഥമികമായും വായിക്കുന്നത് അക്ഷരങ്ങളെയും പദങ്ങളെയുമാണ്. ആദ്യമായി അക്ഷരങ്ങള്‍ അതിന്റെ ശരിയായ ഉച്ചാരണനിയമമനുസരിച്ച് ഉച്ചരിക്കുക, ശരിയായ രീതിയില്‍ അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ പദങ്ങളുടെ ശബ്ദം അഥവാ വാക്കുകളുടെ ശബ്ദം നമുക്കുതന്നെ കേള്‍ക്കാന്‍ കഴിയുന്നു. അങ്ങനെ കേള്‍ക്കുമ്പോള്‍ പദങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരു പ്രത്യേകമായ താളവും സംഗീതവും സൃഷ്ടിക്കുന്നു. ഇങ്ങനെ ഓരോ പദങ്ങളെയും അതിന്റെ താളത്തിനും ശബ്ദത്തിനുമനുസരിച്ച് നാം ഉച്ചരിക്കുന്നതോടെ നമ്മളും ആ പദങ്ങളും തമ്മില്‍ ഹൃദയബന്ധം സ്ഥാപിക്കപ്പെടുന്നു. ഇത് വായനയുടെ ഏറ്റവും പ്രാഥമികമായ പാഠമാണ്. ഇവിടെനിന്നാണ് ഒരാള്‍ തന്റെ വായനശീലം ആരംഭിക്കുന്നത്.ഏതെങ്കിലുമൊരു വാക്ക് താളാത്മകമായി നാം ഉച്ചരിച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ വായിച്ചുകഴിഞ്ഞാല്‍ രണ്ടാമത്തെ പടിയായി ഒരു ദൃശ്യം നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരുന്നു. മഴവില്ല് എന്ന പദം നമ്മള്‍ വായിക്കുമ്പോള്‍ ആദ്യം അതിന്റെ ശബ്ദസുഖം നമ്മുടെ കാതുകള്‍ക്ക് ഇമ്പം നല്‍കുന്നു. അതിനുശേഷമാണ് മഴവില്ലിന്റെ മനോഹര ദൃശ്യം നമ്മുടെ മനസ്സില്‍ തെളിയുന്നത്. മഴവില്ല് എന്താണെന്നു മനസ്സിലാകണമെങ്കില്‍ ആ കുട്ടി ഒരിക്കലെങ്കിലും മഴവില്ല് കാണണം. ആ കുട്ടി മനോഹരമായ മഴവില്ലല്ല കാണുന്നതെങ്കില്‍ കുട്ടിയെ സംബന്ധിച്ചിടത്തോളം മഴവില്ല് എന്ന പദത്തിന് യാതൊരു പ്രാധാന്യവുമില്ല. മഴവില്ല് കാണാത്ത കുട്ടികളെ യാഥാര്‍ഥത്തിലുള്ള മഴവില്ല് കാണിക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഇങ്ങനെ ഓരോ വാക്കുകളും സൃഷ്ടിക്കുന്ന അര്‍ഥങ്ങളെ മനസ്സിലാക്കാന്‍ കുട്ടികള്‍ക്കാവശ്യമായ ദൃശ്യങ്ങളും പാഠങ്ങളും നാം പകര്‍ന്നു നല്‍കണം. എല്ലാകാര്യങ്ങളും യഥാര്‍ഥത്തില്‍ കാണാന്‍ കഴിയുകയില്ല. ഉദാ. രാജാവ്, പ്രേതം, പിശാച്, സ്വര്‍ഗം, നരകം, എന്നിവയെല്ലാം. ഇവയെല്ലാം സാങ്കല്പികതലത്തില്‍ അവതരിപ്പിക്കാനും അവയുടെ ചിത്രങ്ങളും മറ്റും കാണിക്കാനും കഴിയും. ഇങ്ങനെ വാക്കുകള്‍ ചേര്‍ന്ന ആശയങ്ങളുടെയും അര്‍ഥങ്ങളുടെയും ലോകത്ത് നമ്മള്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ വായനകൊണ്ട് യഥാര്‍ഥത്തില്‍ ഗുണമുണ്ടാകുകയുള്ളൂ. എല്ലാവരും പുസ്തകം വായിക്കുന്നുണ്ടെങ്കിലും വായന എല്ലാവര്‍ക്കും ശീലമാവുന്നില്ല. അതിനുകാരണം ഇത്തരക്കാര്‍ ദൃശ്യത്തില്‍ അവസാനിപ്പിക്കുന്നു എന്നുള്ളതാണ്. ദൃശ്യത്തില്‍നിന്ന് ആശയത്തിലേക്ക് വിദ്യാര്‍ഥികള്‍ ഉയരണം. ഉദാ. രാജാക്കന്മാരുടെ കഥകള്‍ വായിക്കുന്ന കുട്ടികള്‍ രാജാക്കന്മാരുടെ കാലഘട്ടത്തിലെ ജീവിതത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കണമെങ്കില്‍ വായനയില്‍നിന്നും നാം ഭാവനയിലേക്കും ചിന്തയിലേക്കും ഉയരേണ്ടതുണ്ട്. അങ്ങനെ ഉയരുമ്പോള്‍ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലാത്ത പലകാര്യങ്ങളും നമുക്ക് മനസ്സിലാവുകയും അങ്ങനെ അവയില്‍ താത്പര്യം ഉണ്ടാവുകയും ചെയ്യും. അപ്പോള്‍ തനിക്ക് താത്പര്യമുള്ള കാര്യങ്ങള്‍ ആ പുസ്തകത്തില്‍ ഇല്ലാത്തതുകൊണ്ട് മറ്റ് പുസ്തകങ്ങള്‍ തേടിപ്പോകുന്നു. ഇങ്ങനെയാണ് വായന നമ്മെ ലഹരിപിടിപ്പിക്കുന്നത്. അപ്പോള്‍ പ്രധാനപ്പെട്ടകാര്യം ഇതാണ് നാം വായിച്ചുകഴിഞ്ഞാല്‍ ആ വായനാനുഭവത്തെ ഭാവനയിലേക്കും ചിന്തയിലേക്കും വികസിപ്പിക്കണം. വായിച്ചകാര്യങ്ങള്‍ ഒന്നുകൂടി മനസ്സില്‍ കൊണ്ടുവരികയും അതിനെപ്പറ്റി ആലോചിക്കുകയും ചെയ്യുക എന്നുള്ളതാണ്.

(ന്യൂഡല്‍ഹിയിലെ നിയോഗി ബുക്‌സിന്റെ കണ്‍സള്‍ട്ടന്റ് എഡിറ്ററും കവയിത്രിയുമാണ് ലേഖിക) *

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

While I am asleep the moon is  always there,

The wind whispers in my ears to take care.
Night marks the end of the day,
Sleep kisses woes blissfully away.
The Lord watches you from heavens up above,
Slowly filling your hearts with precious love.
*****
Not one, not ten but a million
Little stars that twinkle in the sky in a union.
The silver shiny stars set against the dark sky,
Twinkling away in a place very high.
Decorates the moon in its glory,
Making the lovely night weave a beautiful story.
Advertisements
By Lekshmy Rajeev

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s